June 28, 2012

മുറിപ്പാട് ..

വൈകുമീ വസന്തം എന്നിലേക്കെത്തുവാന്‍
 കാലങ്ങളില്‍ ഉടഞ്ഞുവീണ  തംബുരുവായി.
ഇരുട്ടിനാല്‍  തീര്‍ത്ത പകലുകള്‍ക്കു ചൊല്ലുവാന്‍ 
 എന്നുടെ മുറിപ്പാടിന്‍റെ ശയ്യകള്‍ സാക്ഷികള്‍.

സായന്തനം തീര്‍ക്കുന്നൊരാ  കാര്‍മേഘങ്ങളില്‍,
വെന്തടിയുന്നു മനം ഒരു വിരഹാഗ്നിയായി..
വാര്‍ബിന്ദു എഴുതിയ താളുകളില്‍ എങ്ങും,
ദുഃഖത്തിന്‍  കൊള്ളിമീനുകള്‍ പായവേ.
തുളച്ചു കയറാന്‍ ഇടമില്ല ഈ വിധം 
തനിച്ചാക്കുക, എന്നെ വലിച്ചീടാത്ത വീണയായി.

June 27, 2012

ജീവന്‍റെ നാളം..

എനിക്കു ചുറ്റും മതിലുകള്‍ ഞാന്‍ കെട്ടിയിടുന്നില്ല,
സ്നേഹമാകുന്നു എന്‍റെ സര്‍വ്വ വികാരവും.

ആരുടെയും യാത്രാമൊഴികള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,
ലാളനയാകുന്നു എന്നിലെ സര്‍വ്വ വിചാരവും.

മുറിവില്‍ തൊടുന്ന ബന്ധങ്ങള്‍ മാറ്റി എഴുതുക നേരിനാല്‍,
തിരശീലയുടെ നിറം മാറ്റി നല്ല കഥകള്‍ ഇവിടെ തുടരട്ടെ.


ശരബിന്ദു വീണ ഒഴിഞ്ഞ പാടങ്ങളിലെ മന്ദാരങ്ങള്‍ എല്ലാം, 
കളിചിരികള്‍ ഒരുമിച്ചു പാടി ഒരു പ്രാര്‍ത്ഥനാഗീതം പോല്‍.

അവ കണ്ടു നിന്ന എനിക്കൊരു ദൂതുമായി വന്ന രൂപമണി,
കൈകളില്‍ തന്നതു എന്നാത്മാവിന്റെ  നേരായ ദര്‍പ്പണം.

കണ്ണിനു പതിവില്ലാത്ത ചിന്തയുടെ  തീക്ഷ്ണ രോദനം,
അവ ഏറെ പൂ മൊട്ടുകളാക്കി എന്നിലെ കുഞ്ഞു വികൃതികള്‍.

വീണ്ടും ഞാന്‍ മൊഴിഞ്ഞു, അകലെയാണു എന്‍റെ മാനസം,
സൂര്യനായി വിടര്‍ന്നീടുവാന്‍  ഞാന്‍ വീണ്ടും ജനിക്കും..

യാമങ്ങള്‍ ..

എന്‍റെ ദീനം മാറി,മാനം തെളിഞ്ഞു.
മുറ്റത്തെ കിളിയ്ക്കും എന്‍റെ നാണം വന്നു.
ഇന്നലെകളുടെ തോരാത്ത യാമങ്ങളില്‍
സാന്ത്വനഹര്‍ഷം ഞാന്‍ തന്നെ ചൊരിഞ്ഞു. 
കാണാത്ത അകലം സിരകളിലൂടെയുള്ള  
തിരനോട്ടമായി അടുത്തു കണ്ടു.

മുട്ടിവിളിച്ചു ഗോപുരകവാടം ഞാന്‍ 
തെളിഞ്ഞ മണ്‍ക്കുടവുമായി ശാന്തതയില്‍,
വാതില്‍ തുറന്നു വെളിച്ചമായി കോണില്‍ 
എന്നിലേക്കിറങ്ങി വന്ന പരാശക്തി മൗനമായി.
പിന്നെ ചിറകു വിരിച്ചുള്ള എന്‍റെ കളിയാട്ടമായി,
ഹാസ്യമായി അവനിലും മങ്ങാത്ത ഒരനുഭവ
മഞ്ജീരധ്വനി,ആടിയ ഈ പൂരത്തിന്‍ക്കാഴ്ച്ചകള്‍ .
ഹൃദയവഴികളിലൊക്കെ ഞാന്‍ മഞാടിമണി എറിഞ്ഞു,
അന്യോന്യം നോക്കിനിന്ന നിമിഷങ്ങള്‍ ഒരു മഴവില്ലായി.
വിലാസിനീ...അറിഞ്ഞാടിയ നടനം മോഹന സുന്ദരമായി,
കടക്കണ്ണില്‍ നീട്ടി വരഞ്ഞ കരിമഷി കലങ്ങുകയായി ഇവിടെ..


സിന്ദൂരപ്പൂവ് ..


സന്ധ്യയെ നോക്കി നിന്ന സിന്ദൂരപ്പൂവേ, 
പൊന്മുളം കാട്ടിലെ പ്രസാദം പോലെ.
തുമ്പികള്‍ വന്നിരിക്കുന്നു നിന്‍റെ കൈകളില്‍
നിന്നോടു ചോല്ലുവാനുള്ള രഹസ്യങ്ങള്‍ പേറി.

ആടീടുന്നു തെന്നലില്‍ ഒരുനൂറായിരം മാനസങ്ങള്‍
 വിത്തു പാകി തളിര്‍ത്തിടുന്നു കാലാന്തരം മഴയ്ക്കൊപ്പം.
മായാത്ത ചിത്രങ്ങള്‍,മരിക്കാത്ത ഓര്‍മ്മകള്‍ 
ഒന്നുമേ തലോടുവാന്‍ ഇന്നു ആവുന്നില്ലെങ്കിലും,
കറുത്ത് വരുന്നു വാര്‍മുകില്‍ തണുപ്പിനാല്‍ എന്നില്‍ 
ചെമന്തിപ്പൂവിന്‍റെ പരിമളം ചാര്‍ത്തി മേലെ വാനില്‍.   
കളയുമീ മൊഴികള്‍ ചുണ്ടിനു ഭാരമായി എന്നും
താങ്ങാനാവില്ല ഒറ്റയ്ക്കു ഒതുക്കുവാന്‍ എന്തുമേ.  
ഒഴുകാന്‍ ശീലിച്ച തിരകള്‍ക്കു എന്നില്‍ 
പറയാത്ത,കാലം മായ്ച്ച ഒരു കഥയുണ്ട്.
നിര്‍ത്തുക, നിന്‍ ചേഷ്ടകള്‍ എന്നെന്നേക്കുമായി 
തുണയില്ല ,ഇനി പരിഭവം ഓതീടാന്‍ മുഖങ്ങളില്ല.

കുറുത്തോല..

കുറുത്തോല മെനഞ്ഞ നിന്‍റെ
വാര്‍മുടി തുമ്പില്‍,
എന്‍റെ മുള്‍കിരീടം നീ 
മറച്ചു വെച്ചു.
വാസനയുള്ള കതിരായി
നിന്‍റെ ശോണിമ 
എന്‍ മനതാരില്‍
പുണ്യപ്രവാഹമായി 
ഒഴുകി നടന്നു.
കേള്‍പ്പു നീ കീര്‍ത്തനങ്ങള്‍ 
 സുഖലോല നന്ദനമായി ,
ജന്മാന്തരം കൈകുമ്പിളില്‍
കനിഞ്ഞു തന്ന വരമായി.ആടുന്ന മയിലിനാല്‍  
തീര്‍ത്ത നിന്‍റെ 
അധരം അതിലോലം. 
കാണുന്ന ദളങ്ങള്‍ക്കു 
നിന്‍റെ ആര്‍ദ്രത.
വീശുന്ന കടലിലെ 
കാറ്റിനും നിന്‍റെ
അതേ സാന്ദ്രത.
ഹരമിളകി എന്നില്‍ നീ 
കാണാത്ത ശാന്തത.
ആകാശമിളകി പതിയെ
തേടുന്ന വീണയായി.
ധ്വനിമുഖി, പ്രേമം ആഴക്കടലില്‍ 
പാറുന്ന വിപഞ്ചികയായി 
ഈ തോരാത്ത മഴയില്‍.
നീ ജീവിച്ചു എന്നില്‍ അന്നും, ഇന്നും
നിലയ്ക്കാത്ത സംഗീതം പോലെ..

മന്ദാരം ..

ചിറകു വിരിച്ചു നടക്കുന്നൊരു കവിതയായി
ചുറ്റീടുന്ന മന്ദാരചില്ലമേല്‍, അവള്‍.മിണ്ടാതെ നിന്നു.
മനസ്സിനെ മുറുകെ പിടിച്ചൊരാത്മാവിന്‍ കോവിലില്‍,
തനിച്ചുറങ്ങുന്ന പെണ്‍കോടി, എന്തേ വന്നീല്ല..
ചെന്താമര വിടര്‍ന്നു നിന്നു നിന്‍റെ ജാലകകോണില്‍  
പറിച്ചീടുവാന്‍  ഒരു മാത്ര കൈകള്‍ എന്തേ നീട്ടിയില്ല...
ഹൃദയവാതില്‍ ചാരി നില്പ്പൂ, പലവട്ടം നോക്കിയ
ആ മിഴികളില്‍, കുളിര്‍ ഒരു കടലായി ഒഴുകി.
നിനക്കു കാവലായി ഇടവഴികളില്‍ ഞാന്‍ നട്ട 
വെളുപ്പിന്‍ മുല്ലകള്‍ തനിയെ പൂക്കുന്നു ,ചിരിച്ചീടുന്നു.
അത്രമേല്‍ ഞാന്‍ കൊതിച്ച ഹിമകണമായി നീ മാറവേ..
ആഴങ്ങളില്‍ പതിയുന്ന ജീവന്‍റെ നാളമായി,
 അതിനുള്ളിലെ താളമായി..

സുന്ദരി..

ഭാവനാ ചരിതം,
അവളുടെ മനോയാനം.
ചിന്തതന്‍ പൂരിതം,
അവളിലെ വൈഭവം.
തീക്ഷ്ണമീ വശ്യത, 
അവളുടെ സൗഭാഗ്യം.
നൈര്‍മ്മല്യമീ വെയില്‍, 
അവളിലെ ചൂട്‌.
വിചിത്രമീ മുഴക്കം,
അവളുടെ  പുഞ്ചിരി.
ലാവണ്യമീ പൂക്കള്‍,
അവളുടെ കനി. 
വന്നീടാത്ത രാവുകള്‍,
അവളിലെ ചൊടി.
അലസമായ രാത്രികള്‍,
അവളുടെ വിധി.
മാംഗല്യം

 റോസാപ്പൂക്കളെ ഞാന്‍  
എന്നും പ്രണയിച്ചു,
എന്നെ തുണയ്ക്കുന്ന സ്വരങ്ങളെ,
 ഞാന്‍ അതില്‍ മറച്ചുവെച്ചു.
കണ്ണാരം പൊത്തി വായിച്ചു 
നമ്മുടെ ആ പ്രണയവര്‍ണങ്ങള്‍.
അതിലെല്ലാം തെളിയുന്നതു 
നമ്മുടെ മാംഗല്യം..


നിറപ്പകിട്ടാര്‍ന്ന എന്‍ മേനി നിറയെ 
കൊലുസിന്‍റെ  നാദം,
തീവ്രമായി നമ്മിലെ 
ചേതോവികാരങ്ങള്‍ ഉണര്‍ന്നീടവേ.
കണ്ടീടുന്നു നിന്‍റെ 
മോഹാലസ്യം ഏറ്റുവാങ്ങുവാന്‍.
ചിരിക്കുന്ന മാത്രയില്‍ നിശയുടെ,
ചന്ദനക്കിണ്ണം ചാരത്തു അണയുകയായി.....

കോലം..

ചോദ്യങ്ങള്‍ അനവധി,
.ഉത്തരം ഒന്നു മാത്രം.
പ്രതീക്ഷകള്‍ നിരവധി,
ജീവിതം ഒന്നു മാത്രം. 
കാണുന്ന മിഴികള്‍ക്കും, 
കേള്‍ക്കുന്ന ചെവികള്‍ക്കും,
 നടക്കുന്ന പാദങ്ങള്‍ക്കും 
ഒരേ വേഗത, ഒരേ തീവ്രത.

എന്നിലാടിയുലയുന്ന തിരമാലകള്‍ക്കു 
തടം കെട്ടാന്‍ ,
അവയ്ക്കു ആഴം കുറച്ചീടുന്നു
 ഞാന്‍ ദിനംപ്രതി.
നിശ്ചലമാകുന്നു വഴിനീളെ പോകുമാ 
ഞാന്‍ എന്ന സത്യം
കാണുന്നതൊക്കെ വെറും ബിംബങ്ങളായി,,
എരിഞ്ഞടങ്ങുന്ന വെറും കോലങ്ങളായി..

June 26, 2012

കാണാത്ത മുഖം..


കണ്ടീടാത്ത ഒരുപാടു മുഖങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു...
പടികള്‍ ഓരുന്നായി ഊന്നി നടക്കുമ്പോഴും എന്നില്‍ സ്പന്ദിക്കുന്നത് ഒരു വെള്ളരിപ്രവിന്റെ പിടച്ചല്‍..
നഷ്ടങ്ങളെ ഞാന്‍ മറന്നു, വലിയൊരു പ്രേമഭാരം ഞാന്‍ അണിഞ്ഞു..
തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് വലിയൊരു അനുഭവത്തിന്റെ വെളിച്ചം..
അതില്‍ ഉയര്‍ന്നു വന്നത് എന്‍റെ നെടുവീര്‍പ്പിന്റെ തുണയ്ക്കാത്ത കടങ്കഥകള്‍ .
എന്‍റെ മുന്നില്‍ നില്‍ക്കുന്ന നിഴല്‍ അതിന്റെ കൈ പിടിച്ചീടുവാന്‍ ആജ്ഞാപിക്കുന്നു.
ഈ കാലമത്രയും ഞാന്‍ രചിച്ച കൃതികള്‍ ഭാവിയിലെ മൂളിപ്പാട്ടായി കരുതി നില്‍ക്കവേ,
പാതിയണഞ്ഞ വിളക്കിനു കാണിക്കുവാന്‍ ഒരു നൂലില്‍ കോര്‍ത്ത എന്‍റെ  ജീവിതത്തിന്റെ ആട്ടം..
വിധിയെ പഴിക്കുവാന്‍ എനിക്കാവില്ല, ആ നിമിഷം ഒരു നേര്‍ത്ത ശിലാഭസ്മം എന്നില്‍ പൊടിഞ്ഞു.
സര്‍വ്വംസഹയായി മരുപ്പച്ച കെട്ടി ലോകത്തെ എന്‍റെ കൈകളില്‍ ഞാന്‍ ഒതുക്കി...
ഇന്നു ഞാന്‍ നിന്നെ നോക്കി ചിരിക്കുന്നു ..എല്ലാം നേടിയൊരനുഭൂതിയാല്‍..June 10, 2012

ആശ ...

 കൈത്തടത്തില്‍ ചുവന്നു വന്ന നിന്‍റെ രേഖാചിത്രം 
മറക്കില്ല ഞാന്‍ ഒരുനാളും.
പുതപ്പിനാല്‍ മൂടിയ കണ്ണ്‍ തടാകങ്ങളെ 
ഇത്തിരിനേരം ഞാന്‍ വെട്ടത്തിനായി തുറന്നുവെച്ചു.
മായാത്ത മാംഗല്യമായി എന്നുടെ ചാരുത,
ദീപങ്ങളില്‍ സാക്ഷിയായി വീണൊഴുകി.
പുഴപോല്‍ മയിലാടി കുഞ്ഞിളം മാമലയില്‍,
പൂക്കുന്ന ലാസ്യമായി ഈ വന വൃന്ദാവനങ്ങളില്‍.
ആശകള്‍ പൂരിതങ്ങളാകുന്നു ഈ വഴിയോരസ്വപ്നങ്ങളില്‍.
ചുറ്റിയ വള്ളികള്‍ പോലെ കാവ്യമാം സുന്ദരം .

കണ്ണ്‍ പീലി ..

 സുഖമോതുന്ന
 ഇന്ദ്രനീല മിഴികളില്‍,
ആര്‍ദ്രരാവിന്‍റെ 
നിലയ്ക്കാത്ത സംഗീതം.
ശശികല വന്നു നിന്നു 
കാതരയായി മേലെ
പാര്‍വ്വണം ചാര്‍ത്തീടുന്ന
 നീലംബരിയായി.

ചിതറിയ സ്വപ്‌നങ്ങള്‍
 എന്നും കരഞ്ഞീടുന്നു
പൊയ്കയില്‍ ഇറ്റിറ്റു വീഴുന്ന
 പവിഴങ്ങള്‍ പോലെ.
ശാന്തമാം മനസ്സില്‍ നിശയുടെ
 ഒരേകാന്ത താരം
ചാലിച്ചെഴുതുന്നു പുതുമൊഴിയാ
യി കവിളില്‍.  

June 05, 2012

മണ്‍ത്തരി..

ഇലതന്‍ കുടയായി മണ്ണിന്‍റെ മക്കള്‍ക്കു
ദാഹ ജലം പോലെ കുടത്തില്‍ തെളിനീരായി..
മുട്ടോളം തുളുമ്പുന്ന മഴവെള്ളപ്പാച്ചെലില്‍ ,
തളിര്‍ത്തീടുന്നു പുല്ലുകള്‍ ഓരോന്നായി.
ചെളിയിലെ മണ്ണിരകള്‍ക്കു വിലസാന്‍
തന്നുടെ താളം വയലില്‍ അരമണിയായി.
തരംഗമീ ഭൂമിതന്‍ മണ്‍കൂര മീതെ,
ചുറ്റീടുന്ന ഗോളമായി ധ്രുവങ്ങളില്‍ തനിയെ.
പതിവായി വന്ന ദിനരാത്രങ്ങളില്‍ ഏറെ 
 അമ്മതന്‍ സ്നേഹം വാര്‍മുകിലായി ഒഴുകവേ...


കൂരിരുട്ട്..

പകച്ചു പോകുന്ന പെണ്‍തരികള്‍ക്കു
മറവില്‍ പറയാന്‍ ഭാവമില്ല.
തേങ്ങലിന്റെ വൃദ്ധസദനങ്ങള്‍ക്കു
കറുപ്പിന്റെ നിഴലിച്ച മുഖച്ചായ.
കൂട്ടി എഴുതുന്ന ചില്ലക്ഷരങ്ങളില്‍ 
മുറിപ്പാടിന്റെ നേര്‍ത്ത കനം.
ചലനങ്ങള്‍ അറ്റുവീഴുന്ന വഴികളില്‍ 
നന്മയുടെ അസാനിദ്ധ്യം നീളെ.
ചുരുങ്ങുന്ന ലാളിത്യമീ മണ്ണില്‍
ചിതയിലെ കരിഞ്ഞ പൂക്കളായി.......


June 02, 2012

അണഞ്ഞ വിളക്ക്..

ഞാന്‍ എന്‍റെ ബാല്‍ക്കണിയില്‍ എത്തി.രാത്രി കാലമാകുന്നു.വീഥികളിലെങ്ങും വെട്ടം തെളിഞ്ഞു വരുന്നു.കയ്യിലുള്ള ചായ നുണഞ്ഞു കൊണ്ടു ഒരു നിമിഷം എന്നിലൂടെ ഞാന്‍ സഞ്ചരിച്ചു....വല്ലാത്തൊരു ഏകാന്തത..! ചിന്തകള്‍ക്കു കനം വെച്ചു വരുന്നു..അവയുടെ നിറം മങ്ങിയും,താണും വന്നു എന്നെ അസ്വസ്ഥമാക്കി...മതി ഈ ജീവിതം!....ഈ തേരിലേറി ഇനിയും തുടരുവാന്‍ വയ്യ..മടങ്ങേട്ടെയോ ഞാന്‍ ഉണരാത്ത രാവുകളിലേക്കു.....?
      ഒരു നിമിഷം! എന്‍റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു...ചിലരുടെ ജീവിത യാഥാര്‍ത്യങ്ങളിലേക്കു എന്നെ കൂട്ടികൊണ്ടുപോയി..മനസ്സിനെ മുട്ടിവിളിച്ചു.. ഒരു കൂട്ടം തെരുവോരങ്ങളിലെ  അനാഥക്കുട്ടികളുടെ  പറ്റങ്ങള്‍.


റോഡരികിലെ വഴിവക്കില്‍ കുഴി മാളത്തില്‍ ജീവിച്ചു പോരുന്ന അവരെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
കളിച്ചീടുവാന്‍  നല്ല ബാല്യകാലങ്ങളില്ല..... ,
പഠിച്ചീടുവാന്‍  നല്ല വാതായനങ്ങളില്ല....... ,
സ്നേഹിക്കുവാന്‍ നല്ല അമ്മമാരില്ല ....... നിലച്ചുപോകുന്നു ഈ ജന്മങ്ങള്‍.!
 മണമില്ലാത്ത പൂക്കളായി, നിറമില്ലാത്ത ചിത്രങ്ങളായി ,
അവരും വളരുന്നു സമൂഹത്തിന്റെ ഒരു കോണില്‍ ആരുമറിയാതെ. 
മറഞ്ഞു കിടക്കാന്‍ കൂര കാണില്ല, മറയ്ക്കുവാന്‍  ഒരിത്തിരി തുകിലു കാണില്ല, 
കാല്‍പാദങ്ങള്‍ നീട്ടി നടക്കുന്നു ലോകത്തിന്റെ ചെരുവില്‍ ഒരു മരുഭൂമിയായി.
.അവരുടെ മനസ്സുകളില്‍ പിടയുന്ന കാര്‍മേഘങ്ങള്‍ അത്രയും ,മയില്‍‌പീലി പോലെ മാനം കാണാതെ  ഈ പുസ്തകത്താളുകളില്‍ മയങ്ങീടുന്നു.........
.ജീവനറ്റ അനാഥത്വം.!....കൂട്ടാളികളായി ഈ മണ്ണും,വിണ്ണും മാത്രം.....തേങ്ങലുകള്‍ നിശബ്ദതയിലേക്ക് വലിച്ചുകൊണ്ട് പോകുന്നു.!
ഈ നാഗരിക ജീവിതം അവരെ ബാധിക്കുന്നേയില്ല...
അവരുടെ ചിത്രങ്ങളില്‍ ചായങ്ങള്‍ വീഴാറില്ല.....
നീറുന്ന ബാല്യവും,അലയുന്ന കൗമാരവും,മടുക്കുന്ന യൗവ്വനവും എല്ലാറ്റിനും ഒരേ അര്‍ത്ഥം........!
അവര്‍ക്കു സമ്മാനിക്കുവാന്‍ എന്‍റെ കൈകളില്‍ ഈ ചെറു പുഞ്ചിരി മാത്രം..അതവര്‍ക്കു ഒരു ആശ്വാസമാകുമെങ്കില്‍ എന്നില്‍ അത്രയും പുണ്യം നിറഞ്ഞു..
അല്ലാഹുവേ പൊറുക്കുക.!...ആരുമില്ല എന്നു കരുതിയ വേളയെ ഞാന്‍ ശപിക്കുന്നു. ....എന്‍റെ സ്വര്‍ഗം ഈ ഭൂമി തന്നെ....ഈ വീടു തന്നെ, ഈ അന്തരീക്ഷം തന്നെ....
കനല്‍ക്കട്ടയായ ഈ അനാഥത്വം എനിക്കില്ല.....എന്‍റെ ഈ ഏകാന്തത  നിമിഷങ്ങള്‍ക്കുള്ളില്‍ മാറുമായിരിക്കും........പക്ഷെ ഈ യാഥാര്‍ത്ഥ്യം എന്നു മാറും.....?
മേയ്ക്കാനില്ലാത്ത ആട്ടിന്‍കൂട്ടങ്ങളെ  പോലെ ഏതോ ദിക്കിലേക്ക് അകന്നുപോയികൊണ്ടിരിക്കുന്നു ഇവരുടെ ബാല്യം...........!
നമുക്ക് പ്രാര്‍ഥിക്കാം ഇവര്‍ക്കുവേണ്ടി .........അവരുടെ മനസ്സുകള്‍ക്ക് തുടിപ്പുകള്‍ വരാന്‍..........വറ്റാതിരിക്കാന്‍......അത്രമാത്രം..!!തുറക്കാത്ത വാതില്‍..

പേരറിയാതെ,പേരു ചൊല്ലി വിളിക്കാതെ
ഈ ശിഷ്ടമാം ലോകത്തു തിരിതാഴ്ത്തി, 
വേറിട്ടു നടന്നു എന്‍റെ ചിന്തകള്‍ അത്രയും.
ചെറുതില്‍ വലുതിനെയറിയാതെ
മുഴക്കുന്നു മാനവഹൃദയം കൂട്ടമായ്‌ .
കൊല്ലുമീ സമയത്തെ അത്രനാളും
തന്നുടെ പ്രാണനാല്‍ വിലയറിയാതെ.
ഉരുകുമീ സ്മ്രിതികള്‍ എന്നെന്നേക്കുമായി
ഒരിക്കലും തുറക്കാത്ത കിളിവാതില്‍ പോലെ.
പാടുന്നു രാഗാര്‍ദ്രമാം രചനകള്‍ തഴുകി 
ശോകമാം വാനം എന്നില്‍ ഒരു മഴവില്ലായി... മര്‍മ്മരം...

 പാതിരാകാറ്റിന്‍റെ   മര്‍മ്മരം
 ഞാന്‍ കേട്ടു,
എന്നിലടുപ്പിക്കുന്ന
 വരികളായി.
ജാലകതിണ്ണയില്‍  നക്ഷത്രങ്ങളെ 
ഞാന്‍ കണ്ടു,
എന്നില്‍ ഉദിക്കുന്ന 
വാര്‍തിങ്കളായി.
തത്തി കളിക്കുന്ന മാന്‍പേടയെ 
ഞാന്‍ നോക്കി,
എന്നില്‍ ഇക്കിളി കൂട്ടുന്ന 
രാഗങ്ങളായി.
പുഴവക്കിലെ പച്ചപ്പുല്ലിനെ 
ഞാന്‍ തലോടി,
എന്നില്‍ അമര്‍ന്നു വീഴുന്ന
 ഓര്‍മ്മകളായി.
എന്നത്മാവില്‍ ഏതോ
 മയില്‍‌പീലിതന്‍ പിടഞ്ഞു,
എന്നില്‍ ഉണര്ത്തീടുന്ന  
സര്‍വ്വവികാരമായി.....