January 31, 2013

വെറും ആലോചനകള്‍ലോകം എനിക്കിട്ട വില 
വളരെ ചെറുതാണ്.
മനസ്സിനറകളില്‍ കോരിയിട്ട 
മോഹങ്ങളുടെ ഗന്ധം 
ഇവിടെ നിലയ്ക്കുകയാണ്.

മരച്ചുവട്ടില്‍ തളയ്ക്കപ്പെട്ട 
പെണ്‍പൂവിനു ഇന്നു ചിലമ്പുകള്‍
മാറ്റിവെക്കേണ്ടാതായിരിക്കുന്നു.

സ്നേഹാരവങ്ങള്‍ക്കായുള്ള  
കാത്തിരിപ്പ് വെറും അര്‍ത്ഥശൂന്യം.
മനസ്സിന്‍റെ മൂടല്‍ മഞ്ഞുകളില്‍ 
 ഒളിപ്പിച്ചു വെച്ച ഈരടികള്‍ -
ക്കെന്നും രാപ്പനിയാണ്.

ഋതുക്കളുടെ നിറ വ്യത്യാസങ്ങള്‍ 
ഭാവഭേദങ്ങളെ തട്ടിമാറ്റവേ -
മുകളില്‍ റാന്തലായി കത്തി നില്‍ക്കുന്ന 
സൂര്യന്‍റെ അങ്കലാപ്പ് എന്നെ 
ഏറെ അസ്വസ്ഥമാക്കുന്നു.

വസന്തമേ നീ വരുക,
എന്നെ നീ മൊത്തമായി അറിയുക.

മറന്നു പോയ ചാടുലതകള്‍ വെറും
പഴംപാട്ടായി ഉള്ളില്‍ ഒതുങ്ങുമ്പോള്‍
ചന്ദ്രികയുടെ നിലാവെളിച്ചം  
എന്നില്‍ വീഴാതെ ഏതോ
തടാകങ്ങളില്‍ തട്ടി മുങ്ങി 
മരിക്കുകയാണ്. 

വെളിച്ചമേ നീ തന്നാലും,
സ്നേഹത്തിന്‍റെ പുതിയമുഖം 
എനിക്കായി കാട്ടി തന്നാലും.

മുന്നില്‍ നില്‍ക്കുന്ന കോമരങ്ങള്‍ -
ക്കിടയില്‍ മറയുന്ന സത്യങ്ങള്‍ 
ഏതോ കാലങ്ങളിലെ
കെട്ടുകഥകള്‍ പോലെ,
മുളച്ചു പൊന്തുന്ന വേറിട്ട 
മുഖങ്ങളായി എന്നില്‍ 
പലതും തിരയുന്നു.

എന്‍ നിശ്വാസത്തിന്‍ ഗന്ധമേറ്റ് 
മേഘങ്ങള്‍ക്കെന്നും കറുപ്പു നിറമാണ്.

പലതിനെയും മറക്കുവാനേറെ 
കൊതിക്കുന്ന എന്‍റെ   
വിലാപകാവ്യം പോലെ ,
അത്രമേല്‍ മോഹലസ്യമായി 
വാനില്‍  തൊടുത്തുവിട്ട 
ആത്മ നൊമ്പരങ്ങള്‍. .


January 14, 2013

ജീവിതമെന്ന കണക്കുപുസ്തകം.


തിരിച്ചും മറിച്ചും നോക്കുന്ന 
കണക്കു പുസ്തകത്തിന്‍റെ 
ചുവന്ന വരികള്‍ക്കിടയില്‍ 
പടങ്ങള്‍ മൗനമായി 
വീണു കിടക്കുന്നു.

ശീര്‍ഷകം ഭാക്കിയായി 
വരച്ചു കാട്ടിത്തരുന്ന ഓരോ
വരക്കുരിയും ചിലതിനെ 
ഓര്‍മ്മപ്പെടുത്തുന്നു.
വട്ടമായി വന്നു നില്‍ക്കുന്ന 
പൂജ്യത്തിനും സമമായി 
ഇന്നെന്‍റെ ചായം തേക്കാത്ത 
ജീവിത ചിത്രങ്ങള്‍ അരങ്ങില്‍ 
നിന്നാടുകയാണ്.

ശേഷിച്ച ഒന്നായി മുറിഞ്ഞു 
കിടക്കുന്ന കണക്കുക്കൂട്ടലുകള്‍ 
ആരോഹണക്രമതിലേറാതെ 
എവിടെയും തൂങ്ങിക്കിടക്കുന്നു.

നിരയായി തിരിഞ്ഞു നടക്കുന്ന
അക്കങ്ങള്‍ ഞാന്‍ കാണാതെ 
പോയ ചിലരുടെ വേറിട്ട 
മുഖങ്ങള്‍ താളം പിടിയ്ക്കുന്നു.

കൂട്ടലുകളും,കുറയ്ക്കലുകളുമായി 
വരകളെ ബന്ധിക്കുമ്പോള്‍ 
ഇടയില്‍ മുറിയുന്ന 
യാത്രകള്‍ പോലെ 
എനിക്ക് തന്നത് മുന്നോട്ടുള്ള 
ഗുണനത്തിന്‍റെ വലിയ 
ജീവിത പാഠങ്ങള്‍.

വെറും കണക്കുകള്‍ മാത്രമായി 
നിരത്തുന്ന പാതയില്‍ 
വെറും ചോദ്യക്കടലാസുകള്‍ 
ഉത്തരം കാണിക്കാതെ 
നിരത്തില്‍ നിരയായി 
പാറി നടക്കുന്നു.
January 13, 2013

തുടക്കക്കാരി
താളുകളിലെവിടെയോ വീഴുന്ന 
അക്ഷരജ്വാലയ്ക്കൊരു
പുതിയമുഖം ചാലിച്ചോരനുഭവമായി
നിര്‍വൃതിയിലേക്കിറങ്ങുന്ന 
വസന്തമായി ഇന്നെന്‍റെ 
ഭാവനകളെ പേറുന്ന 
തുടക്കകാരി ഞാന്‍ .

നേര്‍വരമ്പുകള്‍ ചുറ്റീടുമീ 
നേരായ വഴികളിലൊക്കെയും 
ആദ്യാക്ഷരങ്ങള്‍ കുറിച്ചീടവേ,  
പൊന്‍കതിരുകളായി കൊഴിയുന്ന 
വയല്‍പാടങ്ങളുടെ തളങ്ങളില്‍ 
കെട്ടിയ ഏകാന്തതയുടെ 
കൂട്ടുകാരി ഞാന്‍ .

ഇളം വെയിലേറ്റു മഞ്ഞാട-
ചാര്‍ത്തുന്നൊരുത്സവപ്പറമ്പില്‍
തിരയുന്ന അക്ഷരക്കൂട്ടങ്ങളെ   
കൊടിയേറ്റി നിര്‍ത്തുന്നു
എന്നുടെ മന്ത്രങ്ങള്‍,  
വെയിലേറ്റു വാടുന്നു  
എന്നുടെ അനുഭവങ്ങള്‍ .

ഓര്‍ത്തെടുക്കുന്ന വാക്കിന്‍റെ  
ഈരടിക്കൊത്തൊരു 
മതിലുകള്‍ ചീന്തുന്നു 
എന്നുടെ തൂലിക.
പിറക്കുന്ന സൂര്യന്‍റെ 
ചിറകടിക്കൊത്തോരു തടാകം  
തീര്‍ക്കുന്നു എന്നുടെ ഭാവന. 

എന്നോളമെന്നില്ലാതെ നുകരുവാനായി  
 ഋതുക്കളോടൊപ്പം കറങ്ങി നടപ്പൂ,
വാക്കുകള്‍- - പെറുക്കുന്ന തിരകള്‍ക്കൊപ്പം 
യാഥാസ്ഥികന്റെ നൗകയായി ജീവിതം.
വിഷയങ്ങളില്ലാതെ ,സ്വപ്നങ്ങളില്ലാതെ 
വെറും തുടക്കക്കാരി ഞാന്‍, 
അക്ഷരങ്ങളേ നിങ്ങള്‍ക്കു സ്വാഗതം .