February 26, 2013

പക്ഷിയുടെ മൗനസഞ്ചാരംസൂര്യന്‍ അന്തിയുറങ്ങുന്ന 
കടല്‍ വെള്ളത്തില്‍ 
വെള്ളി നിലാവായ്  ഉയര്‍ന്നു 
പൊങ്ങി, 
സ്വര്‍ണ്ണ നൂലിനാല്‍ ചേര്‍ന്നൊരു  
മൗന സഞ്ചാരമായ് 
തിരകളെ തല്ലിയുടയ്ക്കുമ്പോള്‍ 
എന്നിലെ വീണാനാദങ്ങള്‍ 
പെയ്തിറങ്ങുകയായ് . 

ദൂരേക്ക്‌ കൂട്ടുമായി 
പറന്നെത്തിയ ദേശാടനക്കിളികള്‍ 
മൂളുന്ന ചുണ്ടിഴകളില്‍,
കതിരിന്റെ വാസനയറ്റു വീഴാതെ 
കാത്തു വെച്ച മോഹനങ്ങളത്രയും 
മയക്കം ചെന്ന  കവിതകളുടെ 
രുചിഭേദങ്ങളായിരുന്നു  . 

നിലത്തു കരിഞ്ഞുണങ്ങിയ 
വെയില്‍ നാളങ്ങള്‍ ,
ആയുസ്സിന്റെ സമയമളക്കാതെ 
വേനല്‍പക്ഷിയുടെ ചിറകിനടിയില്‍ 
രാവിന്‍ ഷീലുകളെ മടക്കി വെക്കുന്നു...

മുളംതണ്ടിന്റെ  ഒരോമനപ്പുത്രിയായ് 
വാനില്‍ ഒഴുക്കുന്ന രാക്കുയില്‍നാദം 
തേടി വരുന്നത്,
ഇണയുടെ മൗനങ്ങളെ ഭേദിക്കുവാന്‍ ,
അന്തിയുറങ്ങുന്ന സൂര്യനെ 
തൊട്ടു ഉണര്‍ത്തുവാന്‍  .... 

February 19, 2013

രാഗലോലംവെള്ളരി പ്രാവിന്റെ 
കുറുകലില്‍ ,
ഒളിഞ്ഞു നിന്ന നാദരൂപം 
ചുരത്തുന്നിതാ ...
ഇത്തിരിപ്പൂവിന്റെ 
തേന്‍ തുള്ളികള്‍ .

നിളയില്‍ മുങ്ങി നീരാടുന്ന 
നിശാകുമിളകള്‍ 
വലം കയ്യാല്‍ ഏതോ 
മേഘങ്ങളെ ധ്യാനിച്ചു 
മുങ്ങാങ്കുഴി ഇട്ടും 
ഇളകിയാടുകയായി. 

അന്തിമൊട്ടുകള്‍ 
കണ്‍-ചിമ്മിയ 
നിലാവിന്റെ കളിയരങ്ങില്‍ 
കിതച്ചു നില്‍ക്കേണ്ടി വരുന്ന -
തേതൊരു പൊന്‍പട്ടിന്റെ 
ആത്മദാഹമാണ് ....?

സ്വയമിറങ്ങിയ പടവുകളില്‍ 
തളിരിന്‍ നിലാവ് പുതച്ചു 
മുഖത്തെണ്ണ ചാര്‍ത്തി 
പല്ലക്കില്‍ ചിരിച്ചുറഞ്ഞും  
ഗാഥയ്ക്കു ചുറ്റും 
സുഗന്ധി പൂക്കളുടെ 
നേരിയ താരാട്ട് 
വളഞ്ഞെത്തുകയായി .

February 14, 2013

ഇന്നെന്റെ പ്രണയദിനം
സമൃദ്ധിയുടെ 
നീലത്തടാകങ്ങളില്‍ 
തുടി കൊള്ളുന്ന 
നീലത്താമരകള്‍ 
വിളിച്ചോതുന്നതെന്‍ ഹൃദയ
സരസ്സില്‍ തൊടുത്തു വിട്ട 
മന്ത്രാക്ഷരികള്‍ .

അലകളായൊതുങ്ങി നിന്നും  
ഇണയെ തഴുകിയുറക്കിയും  
രാവിന്‍ ചീലുകള്‍ പൂമെത്ത 
വിരിക്കുകയായി.

മന്ദാരക്കുമ്പിളില്‍ വരഞ്ഞെഴുതിയ 
പ്രേമകാവ്യങ്ങള്‍
നിശയുടെ തെളിനീരായി 
തുറന്നു വെച്ചിരിക്കുന്നു .

പകല്‍മൊട്ടുകളിലടയിരിക്കുന്ന 
ഋതുഭേദങ്ങള്‍  മണ്ണിന്റെ
ഗന്ധം നിറച്ചാര്‍ത്തിലൂടെ 
പകര്‍ന്നൊഴുകുന്നു.

പ്രണയമേ നീ വരിക,
എന്റെ കവിളിണകളെ 
തലോടി മേനിയില്‍ 
ചന്ദനപ്പുഴയൊഴുക്കുക.
ഇന്നാകുന്നു എന്റെ
 പ്രണയദിനം . 

February 13, 2013

ഉടഞ്ഞ വീണാ നാദംനിദ്രയെ പ്രണയിച്ചീടുന്നതേതൊ -
രാത്മാവിന്റെ നെഞ്ചില്‍ 
കൊയ്തു മറിക്കുന്നു  നീ 
മറുമൊഴിക്കായ് ...

വാചാലമാം കവിളിണകളില്‍ 
പെയ്യുന്ന മഴയുടെ നൂലിഴകള്‍ 
കോര്‍ത്തിണക്കീയിന്നീ-
യാത്രയെങ്ങോട്ടായ് ...

പാതിരാകാറ്റിന്റെ നെറുകയിലു- 
ടഞ്ഞു വീഴുന്ന ചിന്തതന്‍ മനം 
വഴിവിട്ടകലുന്നതെവിടേക്കെന്നറിവീല  .

പകല്‍നക്ഷത്രങ്ങളൂതിത്തെളിച്ച 
സ്വപ്നസൗധങ്ങള്‍ വിദൂരമാം 
അന്തിക്കോണുകളില്‍
കൊട്ടിയടയ്ക്കുപ്പെടുന്നുവോ ?

നിറഞ്ഞ സായം സന്ധ്യയില്‍ 
നീലിച്ചു വന്ന കൈവിരലുകളാ- 
ദിയില്‍ വിരിഞ്ഞൊരാഴിണയെ 
തേടിയുള്ള യാത്രയിലുമാണ് ...

നെഞ്ചത്തിളകുന്ന
കടലിന്റെ വിഭ്രാന്തികള്‍,
പണ്ടെങ്ങോ മറന്നൊരാ-
വീചികളായെന്നില്‍  
പലവട്ടം നുരഞ്ഞു പൊങ്ങിയുമാ -,
നിറവാര്‍ന്ന സൂര്യനോടു 
ചേര്‍ത്തു പിടിക്കുന്നു . 

February 12, 2013

ഹൈക്കുസ്‌


ഞാന്‍ 

"അറ്റമില്ലാത്ത സ്നേഹം 
അനന്തമായ നീലാകാശം 
രണ്ടിനെയും ബന്ധിപ്പിക്കുന്ന 
ഞാന്‍ എന്ന ചരട് 
വലിച്ചു നീട്ടുന്നത് 
വേറൊരുന്‍മാദത്തിന്‍ ലഹരികള്‍ " .

ഏകാന്തത 

"ഏകാന്തതയുടെ ചില്ലുകൂട്ടിന്നരികിലായി 
തിമിര്‍ത്തു പെയ്യുന്ന 
മഴയുടെ സംഗീതം കേള്‍ക്കുവാനായി 
ഞാന്‍ എന്റെ കാതുകള്‍ക്ക് 
മൂര്‍ച്ച കൂട്ടൂന്നു".

അക്ഷരം 

"തിരുത്തി കുറിക്കുമീ 
താളുകളെങ്ങും 
മഷിത്തണ്ടിനാല്‍ പൂത്ത 
വിസ്മയം കാണുവാന്‍ ".


സമയം 

"അടര്‍ന്നു വീഴുന്നിതാ ഘടികാര സൂചികള്‍ 
സമയമെതെന്നറിയാതെ തിരയുന്നു 
ഞാനിന്നീ കാലങ്ങളേ .."

മൗനം 

"തളിര്‍ക്കുന്നു,പൂക്കുന്നു  
മൗനം വിട്ടകലുന്നു 
തേന്മൊഴി ഉരിയാടുകയായി".
February 02, 2013

സ്നേഹ വാതില്‍.
സ്നേഹത്തിന്റെ വാതിലുകള്‍ 
അടയ്ക്കാതെ ,
എനിക്ക് വഴിയൊരുക്കിയ 
വലിയൊരു സ്നേഹത്തിന്‍റെ  
രൂപമായി മനസ്സില്‍ തെളിയുന്ന
ചില മുഖങ്ങളുണ്ട്.

അണയാത്ത ആ വിളക്കുകളുടെ 
പ്രകാശം ഞാനുമായി ചിലതൊക്കെ 
പങ്കുവെയ്ക്കാറുണ്ട്.

ഇത്തിരി പ്രണയം പൂക്കുവാനായി 
വഴിവിട്ട് സഞ്ചരിക്കേണ്ടി വന്ന 
എന്റെ മനസ്സിനു ഓമനിക്കാന്‍
വാക്കുകള്‍ കിട്ടാതെ ശൂന്യതയില്‍ 
ചില ചിത്രങ്ങള്‍ വരച്ചെടുക്കുന്നു.

പിന്നെയാ നിദ്രയുടെ ആഴങ്ങളില്‍ 
കയറി, സ്വപ്നാടനം നടത്തുന്നു..