ലോകം എനിക്കിട്ട വില
വളരെ ചെറുതാണ്.
മനസ്സിനറകളില് കോരിയിട്ട
മോഹങ്ങളുടെ ഗന്ധം
ഇവിടെ നിലയ്ക്കുകയാണ്.
മരച്ചുവട്ടില്‍ തളയ്ക്കപ്പെട്ട
പെണ്‍പൂവിനു ഇന്നു ചിലമ്പുകള്‍
മാറ്റിവെക്കേണ്ടാതായിരിക്കുന്നു.
സ്നേഹാരവങ്ങള്ക്കായുള്ള
കാത്തിരിപ്പ് വെറും അര്‍ത്ഥശൂന്യം.
മനസ്സിന്റെ മൂടല്‍ മഞ്ഞുകളില്‍
ഒളിപ്പിച്ചു വെച്ച ഈരടികള്‍ -
ക്കെന്നും രാപ്പനിയാണ്.
ഋതുക്കളുടെ നിറ വ്യത്യാസങ്ങള്‍
ഭാവഭേദങ്ങളെ തട്ടിമാറ്റവേ -
മുകളില്‍ റാന്തലായി കത്തി നില്ക്കുന്ന
സൂര്യന്റെ അങ്കലാപ്പ് എന്നെ
ഏറെ അസ്വസ്ഥമാക്കുന്നു.
വസന്തമേ നീ വരുക,
എന്നെ നീ മൊത്തമായി അറിയുക.
മറന്നു പോയ ചാടുലതകള് വെറും
പഴംപാട്ടായി ഉള്ളില്‍ ഒതുങ്ങുമ്പോള്‍
ചന്ദ്രികയുടെ നിലാവെളിച്ചം
എന്നില്‍ വീഴാതെ ഏതോ
തടാകങ്ങളില്‍ തട്ടി മുങ്ങി
മരിക്കുകയാണ്.
വെളിച്ചമേ നീ തന്നാലും,
സ്നേഹത്തിന്റെ പുതിയമുഖം
എനിക്കായി കാട്ടി തന്നാലും.
മുന്നില്‍ നില്ക്കുന്ന കോമരങ്ങള്‍ -
ക്കിടയില് മറയുന്ന സത്യങ്ങള്‍
ഏതോ കാലങ്ങളിലെ
കെട്ടുകഥകള്‍ പോലെ,
മുളച്ചു പൊന്തുന്ന വേറിട്ട
മുഖങ്ങളായി എന്നില്‍
പലതും തിരയുന്നു.
എന്‍ നിശ്വാസത്തിന് ഗന്ധമേറ്റ്
മേഘങ്ങള്ക്കെന്നും കറുപ്പു നിറമാണ്.
പലതിനെയും മറക്കുവാനേറെ
കൊതിക്കുന്ന എന്റെ
വിലാപകാവ്യം പോലെ ,
അത്രമേല്‍ മോഹലസ്യമായി
വാനില്‍ തൊടുത്തുവിട്ട
ആത്മ നൊമ്പരങ്ങള്‍. .