കൈരേഖകള്‍ തന് അകക്കാമ്പില്‍
ചുരുണ്ടു കൂടിയ നിന്റെ ഭാവിയുടെ
മന്ത്രക്കോവിലില് ഇരുള് മഴയായി
പെയ്തിറങ്ങുന്ന കിനാവിനു
ഓളങ്ങളെത്രയാണ്?
കൈകളില്‍ പതിഞ്ഞ ദീര്‍ഘായുസ്സിനു
കാവലായി പ്രാര്‍ത്ഥനകള്‍ ഏറവേ
മുറിവുകളുണങ്ങാത്ത പകലുകള്‍ക്കു
അന്തിക്കുറി ചാര്‍ത്തുവാന്‍ ഇനിയേതു
മണ്‍വീണകള്‍ മുഴങ്ങി തരംഗങ്ങളായി
മാറിടെണം?
പടര്‍ന്നു നിന്ന വേരുകളില്‍ തട്ടി
ആഴങ്ങളില്‍ സാഗരം മുറിച്ചു കടക്കവേ-
ജന്മാന്തരങ്ങളില്‍ പുണ്യമായി തലോടി
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇനിയേതു സ്നേഹത്തെ കൂട്ടു പിടിക്കേണം.?
അനായാസമായി ചഞ്ചലമോതുന്ന
മൊഴികളില്‍ പ്രതീക്ഷയുടെ
ചാലുകള്‍ ഒഴുക്കവേ-
വേഗതയേറിയ ദിനരാത്രങ്ങളിലെ
കണികകള്‍ അറ്റു വീഴാതെ
നീണ്ട പാതയോരങ്ങളില്‍
തണലുമായി കൂട്ടിരിക്കേണം.
മാനസ ചിറകുകളെ ചിപ്പിയിലാഴ്ത്തി
മറയ്ക്കുന്ന കിനാക്കള്‍ ഏറെയും
കൈവെള്ളയില്‍ ഒതുക്കുവാനാവാതെ
അണിയറയില്‍ ചുരുണ്ടു കൂടുന്നു,
ആകാശം കാണാതെയൊക്കെയും.
വിസ്മയമാം ആവനാഴിയില്‍ ചിറകു മുളയ്ക്കുമ്പോള്‍
നരജന്മമെന്നു പേര് ചൊല്ലി വിളിക്കുന്നു.
ജീവിത മാറാലകള്‍ തുടച്ചീടുന്ന നന്മകള്‍തന്‍
വാതിലായി അരിമുല്ല പ്രാവുകള്‍ വഴി-
യോരങ്ങളില്‍ പവിഴങ്ങള്‍ പൊഴിച്ചീടുന്നു,
കനല്കട്ടയാകുന്ന മര്‍ത്യന്റെ തുടിപ്പുകളില്‍..